BLOGS / UPDATES
മലയാളികൾ എന്നും പ്രവാസജീവിതം ഇഷ്ട്ടപ്പെടുന്നവരാണ്. കാലാകാലങ്ങളിൽ അതിനായി പല രാജ്യങ്ങളും അവർ തെരഞ്ഞെടുക്കപ്പെടുന്നു. ഗൾഫ് രാജ്യങ്ങളിലേക്കുള്ള പ്രവാസത്തിനുശേഷം ഏതാണ്ട് രണ്ടായിരത്തിനു ശേഷം വലിയ തോതിലുള്ള ഒരു പ്രവാഹമാണ് യുകെ യിലേക്കുണ്ടായിട്ടുള്ളത്. ഒരു പാശ്ചാത്യ രാജ്യത്തെ നിയമ സംവിധാനങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയും പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റവും വ്യത്യസ്തമായ ജോലി സാഹചര്യങ്ങളും പല പ്രതിസന്ധിയും കുടുംബങ്ങളിൽ സൃഷ്ടിക്കുന്നു. ഇതിനു പല കാരണങ്ങളുണ്ടാകാം, പക്ഷേ ഇതൊക്കെ ആരോട് തുറന്നു പറയും ? ... എല്ലാം ഉള്ളിലൊതുക്കി ജീവിതം മുന്നോട്ടു പോവുന്നതിനിടയിൽ കുടുംബങ്ങളുടെ താളം തെറ്റലിനു തന്നെ കാരണമാവുന്നു. ഇത്തരം സാഹചര്യങ്ങളിൽ പിടിച്ചു നിൽക്കാനാവാതെ കൊലപാതകങ്ങളിലേക്കും ആത്‌മഹത്യകളിലേക്കും പരിഹാരം തേടിപ്പോവുന്ന പല കുടുംബങ്ങളെയും നാം സമീപകാലത്തായി കണ്ടുകഴിഞ്ഞു....ഒന്നുമറിയാത്ത എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങൾ മാതാപിതാക്കളാൽ തന്നെ വധിക്കപ്പെടുന്നു.
പലപ്പോഴും നാം ഇത്തരം പരിഹാരങ്ങളിലേക്ക് എത്തിച്ചേരുന്നത് നമ്മുടെ അറിവില്ലായ്മ ഒന്നുകൊണ്ടു മാത്രമാണ്. ഈ രാജ്യം നമുക്ക് നൽകുന്നതും ഇവിടെ നമുക്ക് ലഭ്യമാക്കുന്നതുമായ വളരെയധികം അനുകൂല സാഹചര്യങ്ങളെ പറ്റി നാം ഇനിയും ബോധവാന്മാരാകാത്തതിൻറെ പരിണിത ഫലമാണ് ഇത്തരം സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടാൻ കാരണം എന്ന് മനസിലാക്കുന്നു.
വിദ്യാഭ്യാസപരമായി നാമൊക്കെ വളരെ ഉന്നതിയിലുള്ളവരാണെങ്കിലും ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നകാര്യത്തിൽ നാം ഇപ്പോഴും അൽപ്പം പിറകിലാണെന്ന യാഥാർഥ്യം അംഗീകരിച്ചുകൊണ്ടുതന്നെ മലയാളി സമൂഹത്തെ സഹായിക്കാൻ ഒരു പരിധി വരെ നമ്മുടെ ജീവൻ ട്രസ്റ്റ് യുകെ. ക്ക് കഴിയും എന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. അതിന് സന്നദ്ധരായി ജനറൽ പ്രാക്റ്റീഷണേഴ്‌സ് (GP ) ഡോക്‌ടേഴ്‌സ് , സോഷ്യൽ വർക്കേഴ്‌സ്, കൗൺസിലേഴ്‌സ്, സോളിസിറ്റർസ് കൂടാതെ വിവിധ രംഗങ്ങളിൽ ഉള്ള സാമൂഹിക പ്രവർത്തകർ മുതലായവരാണ് ഈ ജീവൻ ട്രസ്റ്റിൽ തികച്ചും സൗജന്യമായി പ്രവർത്തിക്കുവാൻ തയ്യാറായി മുന്നോട്ടു വന്നിട്ടുള്ളത്.
ജീവൻ ട്രസ്റ്റ് യുകെ. യുടെ ഔപചാരികമായ ഉത്‌ഘാടനം ഈ മാസം 22 ന് വൈകിട്ട് 7 മണിക്ക് യുകെ യിലെ അക്ഷര നഗരിയായ കേംബ്രിഡ്ജിൽ വച്ച് കേംബ്രിഡ്ജ് മലയാളീ അസോസിയേഷൻ (CMA )നടത്തുന്ന ഈസ്റ്റർ വിഷു ആഘോഷ പരിപാടിയിൽ വച്ച് നടത്തപ്പെടുന്നതാണ്. ഉൽഘാടന വേളയിലും തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.... നിങ്ങളുടെ പ്രവാസജീവിതത്തിലെ പ്രതിസന്ധിയിൽ ഒരു തുണയായി ഞങ്ങളും നിങ്ങളുടെ കൂടെ ........കോണ്ടാക്ട് : 07828103000
Admin | Apr 16, 2023